സ്കോഫിൽ ഡ്രോൺ ആക്രമണം നടത്തിയത് റഷ്യക്കുള്ളിൽ നിന്നു തന്നെയെന്ന് യുക്രെയ്ൻ
Saturday, September 2, 2023 3:17 AM IST
കീവ്: റഷ്യൻ നഗരമായ സ്കോഫിൽ ചൊവ്വാഴ്ച ഡ്രോൺ ആക്രമണം നടത്തിയത് റഷ്യക്കുള്ളിൽ നിന്നു തന്നെയാണെന്ന് യുക്രെയ്ൻ പട്ടാള ഇന്റലിജൻസ് മേധാവി കിരിലോ ബുഡാനോവ് പറഞ്ഞു. വടക്കൻ യുക്രെയ്നിൽ നിന്ന് 660 കിലോമീറ്റർ അകലെയുള്ള നഗരത്തിൽ ആക്രമണം നടത്താൻ ദീർഘദൂര ആയുധമായിരിക്കാം ഉപയോഗിച്ചതെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു.
സ്കോഫിലെ വ്യോമതാവളത്തിൽ നടത്തിയ ആക്രമണത്തിൽ റഷ്യൻ സേനയുടെ രണ്ട് ഇല്യൂഷിൻ ചരക്കുവിമാനങ്ങൾ തകർന്നുവെന്നും രണ്ടെണ്ണത്തിനു കേടുപാടുണ്ടായെന്നും ബുഡാനോവ് അറിയിച്ചു. വിമാനത്തിന്റെ ഇന്ധനടാങ്കാണു ഡ്രോണുകൾ ലക്ഷ്യമിട്ടത്. അതേസമയം, റഷ്യൻ പൗരന്മാർ ആക്രമണത്തിനു സഹായം നല്കിയോ എന്നകാര്യം വിശദീകരിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല.
ഇതിനിടെ, റഷ്യയിൽ കഴിഞ്ഞ ദിവസങ്ങളിലും ഡ്രോൺ ആക്രമണങ്ങളുണ്ടായി. മോസ്കോ പ്രാന്തത്തിൽ റോക്കറ്റുകളുടെ ഇലക്ട്രോണിക് ഭാഗങ്ങൾ നിർമിക്കുന്ന ഫാക്ടറി ആക്രമിക്കപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.