വനിതാ ഡോക്ടറുടെ ലൈംഗികാതിക്രമ പരാതി; ആരോപണവിധേയനെതിരെ ഉടൻ നടപടിയില്ല
Monday, September 4, 2023 10:37 PM IST
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ വനിത ഡോക്ടറെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ ആരോപണവിധേയനായ മുതിര്‍ന്ന ഡോക്ടര്‍ക്കെതിരേയുള്ള നടപടി കൂടുതല്‍ അന്വേഷണത്തിനുശേഷമെന്ന് പോലീസ്.
ജനറല്‍ ആശുപത്രിയിലെ ജനറല്‍ മെഡിസിന് വിഭാഗം മേധാവിയായിരുന്ന ഡോ.ജി. മനോജിനെതിരേയാണ് യുവ വനിതാ ഡോക്ടര്‍ പരാതി നൽകിയത്.
ഇതിന് പിന്നാലെ, സ്ത്രീത്വത്തെ അപമാനിച്ചതിന് 354ാം വകുപ്പ് അനുസരിച്ച് മനോജിനെതിരേ സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന വനിതാ ഡോക്ടറില്‍നിന്ന് ഇ-മെയില്‍ വഴി വിശദാംശങ്ങള്‍ ശേഖരിച്ച ശേഷമായിരുന്നു നടപടി. മൊഴിയെടുക്കുന്നതിന് അനുയോജ്യമായ സമയം അറിയിക്കാമെന്ന് വനിതാ ഡോക്ടര്‍ പറഞ്ഞതായി എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ അനീഷ് ജോയ് പറഞ്ഞു.
കേസില്‍ ആരോഗ്യ വിഭാഗം വിജിലന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വനിതാ ഡോക്ടര്‍ സമൂഹമാധ്യമത്തിലിട്ട കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടതോടെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.
2019-ല്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കാലത്ത്, ഡോ. മനോജ് തന്നെ കടന്നുപിടിക്കുകയും ബലമായി മുഖത്ത് ചുംബിക്കുകയും ചെയ്തതായി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വനിതാ ഡോക്ടര്‍ ആരോപിച്ചത്.
അന്ന് ഡോ. മനോജ് എറണാകുളം ജനറല്‍ ആശുപത്രിയിലെ ജനറല്‍ മെഡിസിന് വിഭാഗം മേധാവിയായിരുന്നു. ആശുപത്രിക്ക് പുറത്ത് ഡോ. മനോജ് സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന മുറിയില്‍ രാത്രി ഏഴിനായിരുന്നു സംഭവമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു. ഡോ. മനോജ് ആലുവയിലെ ഒരു ആശുപത്രിയിലാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്.