തിരുവാർപ്പിൽ ബസ് ഉടമയെ മർദിച്ച സംഭവം; മാപ്പ് പറഞ്ഞ് സിഐടിയു നേതാവ്
Monday, September 11, 2023 9:46 PM IST
കൊച്ചി: കോട്ടയം തിരുവാർപ്പിൽ "വെട്ടിക്കുളങ്ങര' ബസ് ഉടമ രാജ്മോഹനെ മർദിച്ച സംഭവത്തിൽ തുറന്ന കോടതിയിൽ മാപ്പ് പറയാമെന്ന് സിഐടിയു നേതാവ് കെ ആർ. അജയ് ഹൈക്കോടതിയെ അറിയിച്ചു.
രാജ്മോഹനെ മര്‍ദിച്ച സംഭവത്തില്‍ നിരുപാധികം മാപ്പ് പറഞ്ഞ് അജയ് ഹൈക്കോടതിയില്‍ സത്യവാംഗ്മൂലം സമര്‍പ്പിച്ചു. സംഭവത്തെത്തുടർന്ന് തനിക്കെതിരെ ഫയൽ ചെയ്ത കോടതിയലക്ഷ്യത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഈ സത്യവാംഗ്മൂലത്തോടൊപ്പമാണ് തുറന്ന കോടതിയിൽ മാപ്പ് പറയാമെന്ന് അജയ് അറിയിച്ചത്.
ജൂൺ 25-നാണ് അജയ് രാജ്മോഹനെ മർദിച്ചത്. വേതന തർക്കത്തെത്തുടർന്ന് നിർത്തിവച്ചിരുന്ന ബസ് സർവീസ് കോടതി ഉത്തരവിന്റെ ആനുകൂല്യത്തിൽ പുനരാരംഭിക്കുവാൻ രാജ്മോഹൻ ശ്രമിച്ചിരുന്നു. സിഐടിയുക്കാർ ബസിൽ ചാർത്തിയിരുന്ന കൊടിതോരണങ്ങൾ നീക്കാൻ എത്തിയപ്പോഴായിരുന്നു അജയ് രാജ്മോഹനെ കൈയേറ്റം ചെയ്തത്.