ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയ കേസ്: പ്രതിഭാഗം വാദം 30ന് ആരംഭിക്കും
പ്രതി അർജുൻ
വെബ് ഡെസ്ക്
Thursday, September 28, 2023 7:17 AM IST
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ പ്രോസിക്യൂഷന്റെ വിചാരണ പൂര്‍ത്തിയായി. സെപ്റ്റംബര്‍ 30ന് പ്രതിഭാഗത്തിന്റെ വാദം ആരംഭിക്കും. 2021 ജൂണ്‍ 30നാണ് നടുക്കുന്ന സംഭവമുണ്ടായത്.
വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറ് വയസുകാരിയെ സമീപവാസിയായ അര്ജ്ജുന് പീഡിപ്പിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കുകയായിരുന്നു. 2022 മെയ് മാസം കട്ടപ്പന അതിവേഗ കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിച്ചിരുന്നു. 48 സാക്ഷികളെ ഇതിനോടകം വിസ്തരിച്ചു.
16 വസ്തുക്കളും 69ല്‍ കൂടുതല്‍ രേഖകളും കോടതിയില്‍ തെളിവായി സമര്‍പ്പിച്ചിട്ടുണ്ട്. പ്രതിഭാഗത്ത് നിന്നുള്ള മൂന്ന് സാക്ഷികളെയാണ് വിസ്തരിച്ചത്. കഴുത്തില്‍ ഷാള്‍ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്ന് വരുത്തി തീര്‍ക്കാന്‍ പ്രതിഭാഗം പരമാവധി ശ്രമം നടത്തിയിരുന്നു.
ഇതിനിടെ അനാവശ്യ പരാതികള്‍ നല്കി വിചാരണ പരമാവധി നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമങ്ങളും പ്രതിഭാഗം കോടതിയില്‍ നടത്തി. പ്രതിക്കെതിരെ പട്ടികജാതി പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകള്‍ ചുമത്തണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛന് കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍ രണ്ടുപേരും പട്ടികജാതി വിഭാഗത്തിലുള്ളവരാണെന്ന് കണ്ടെത്തിയ കോടതി ഈ വകുപ്പുകള്‍ ചുമത്താന്‍ അനുവാദം നല്‍കിയിട്ടില്ല. വിചാരണയുടെ ഭൂരിഭാഗവും കഴിഞ്ഞപ്പോള്‍ ജഡ്ജി സ്ഥലം മാറിപ്പോയതും വാദിഭാഗത്തെ ആശങ്കയിലാക്കുന്നുണ്ട്.