പലസ്തീന് അനുകൂല കരിമരുന്ന് പ്രയോഗം; ലണ്ടനില്‍ 150 പേര് പോലീസ് കസ്റ്റഡിയില്‍
Sunday, November 12, 2023 1:51 AM IST
ലണ്ടന്‍: ലണ്ടനിൽ പലസ്തീൻ അനൂകൂല പ്രതിഷേധത്തിന്റെ ഭാഗമായി തെരുവിൽ കരിമരുന്ന് പ്രയോഗം നടത്തിയ സംഭവത്തിൽ 150 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
മെട്രോപ്പോളിറ്റന്‍ പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബെല്ഗ്രാവിയയിലെ ഗ്രോസ് വെനര്‍ പ്ലേസില്‍ മുഖംമൂടിയണിഞ്ഞ് കരിമരുന്ന് പ്രയോഗം നടത്തിയതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
സെക്ഷന്‍ 60, 60എഎ വകുപ്പുകളുപയോഗിച്ചാണ് സംഭവത്തില്‍ ഉള്‍പ്പെട്ടവരെ കസ്റ്റഡിയിലെടുത്ത്അന്വേഷണം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.
അതേ സമയം സെൻട്രൽ ലണ്ടനിലേക്ക് നടന്ന പലസ്തീൻ അനുകൂല റാലിയിൽ ഏകദേശം 300,000 ആളുകൾ പങ്കെടുത്തുവെന്നാണ് വിവരം. ഇസ്രയേൽ-ഹമാസ് യുദ്ധം തുടങ്ങിയതിനു ശേഷം യുകെയിൽ നടക്കുന്ന ഏറ്റവും വലിയ റാലിയാണിത്.
നൂറിലധികം പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്തു. പ്രതിഷേധ പാതയ്ക്കു സമീപമുള്ള പിംലികോയിൽ നിന്നാണ് ഏറ്റവുമധികം ആളുകളെ അറസ്റ്റു ചെയ്തത്.