തിരുവനന്തപുരം: നാളുകളായി ക്ഷേമ പെന്‍ഷന്‍ മുടങ്ങി കിടക്കുന്നതിനല്‍ അടിമാലിയില്‍ മണ്‍ചട്ടിയുമായി ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും സഹായം വാഗ്ദാനം ചെയ്ത് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുക നല്‍കാമെന്നാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്.

ഇരുവരേയും ഫോണിലൂടെ കൃഷ്ണകുമാര്‍ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഈ പ്രായത്തില്‍ പിച്ചച്ചട്ടിയെടുത്ത് ഇറങ്ങേണ്ട കാര്യമില്ലെന്നും ഒരു വര്‍ഷത്തെ പെന്‍ഷന്‍ തന്നേക്കാമെന്നുമാണ് കൃഷ്ണകുമാര്‍ മറിയക്കുട്ടിയോട് പറഞ്ഞത്.

മട്ടാഞ്ചേരിയിലെ വ്യവസായിയായ മുകേഷ് ജയിന്‍ അന്നക്കുട്ടിയും മറിയക്കുട്ടിയും പലചരക്ക് കടയില്‍ നിന്നും സാധനം വാങ്ങിയതിന്‍റെ പണം നല്‍കി സഹായിച്ചിരുന്നു.

തനിക്ക് ഒന്നരയേക്കര്‍ സ്ഥലവും രണ്ട് വീടുമുണ്ടെന്ന വ്യാജ പ്രചാരണത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് മറിയക്കുട്ടി ബുധനാഴ്ച വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ അടിമാലിയിലെ മന്നാങ്കണ്ടത്തുള്ള വില്ലേജ് ഓഫീസില്‍ എത്തിയ മറിയക്കുട്ടി തനിക്ക് വില്ലേജ് പരിധിയില്‍ ഭൂമി ഉണ്ടെങ്കില്‍ അതിനുള്ള രേഖ നല്‍കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു.

അടിമാലി വില്ലേജ് പരിധിയിലൊരിടത്തും മറിയക്കുട്ടിയുടെ പേരില്‍ ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസര്‍ അറിയിപ്പ് നല്‍കി. മറിയക്കുട്ടിയുടെ മകള്‍ക്ക് വിദേശത്ത് ജോലിയുണ്ടെന്ന വ്യാജ ആരോപണവും ഇതിനിടെ ഉയര്‍ന്നിരുന്നു.