കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കാറിലുണ്ടായിരുന്നത് ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരും
Monday, November 27, 2023 6:51 PM IST
കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്നത് ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമെന്ന് സഹോദരൻ. തന്നെയും കാറിനുള്ളിൽ കയറ്റാൻ സംഘം ശ്രമിച്ചു. തന്റെ കൈയിലുണ്ടായിരുന്ന കമ്പ് കൊണ്ട് അവരെ അടിച്ചു. കുതറിയോടാൻ ശ്രമിച്ച അഭികേലിനെ സംഘം വലിച്ചിഴച്ചുവെന്നും സഹോദരൻ പറഞ്ഞു.
അമ്മയ്ക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് കാറിലുണ്ടായിരുന്ന സ്ത്രീ ഒരു കടലാസ് കുട്ടികൾക്ക് നേരെ നീട്ടി. ഇത് വാങ്ങാനെത്തിയപ്പോഴാണ് സംഘം കുട്ടികളെ പിടികൂടിയത്.
സംഭവം സമയം ഇവരുടെ മാതാപിതാക്കൾ വീട്ടിലില്ലായിരുന്നു. ഭയന്നുപോയ കുട്ടി അയൽവാസികളെയാണ് ആദ്യം സംഭവം അറിയിച്ചത്. ഇവരാണ് വിവരം പോലീസിൽ അറിയിച്ചത്.
അതേസമയം, പോലീസ് നടത്തിയ പരിശോധനയിൽ സംഘമെത്തിയതെന്ന് സംശയിക്കുന്ന കാറിന്റെ ചിത്രം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ നമ്പർ വ്യാജമാണെന്നാണ് പ്രാഥമിക വിവരം.