ചെന്നൈയിൽ ദുരിതക്കാറ്റ്, കണ്ണീർ പ്രളയം! "മിഗ്ജൗമ് താണ്ഡവ'ത്തിൽ മരണം നാലായി
വെബ് ഡെസ്ക്
Tuesday, December 5, 2023 7:09 AM IST
ചെന്നൈ : മിഗ്ജൗമ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായതിന് പിന്നാലെ തമിഴ്നാട്ടിലാരംഭിച്ച കനത്ത മഴ തുടരുന്നുവെന്ന് റിപ്പോർട്ട്. സ്ഥിതി മാറ്റമില്ലാതെ തുടരുന്നതിനാൽ തമിഴ്നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. മഴക്കെടുതിയിൽ ഇതുവരെ മരണം നാലായി.
ചെന്നൈയിലും സമീപത്തുമുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. ഗതാഗത സംവിധാനം പൂർണമായും തകരാറിലായതിന് പിന്നാലെ വന്ദേഭാരത് ഉൾപ്പടെ ആറ് ട്രെയിനുകൾ കൂടി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വീടുകളിൽ വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവരെ ഇവിടെ നിന്നും മാറ്റിയിട്ടുണ്ട്. ചിലയിടങ്ങളിൽ ആളുകളെ മാറ്റുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.
തീവ്രമഴയുണ്ടാകുമെന്ന മുന്നറിയിപ്പിന് പിന്നാലെ ചെന്നൈ, തിരുവള്ളൂര്‍ , കാഞ്ചീപുരം, ചെങ്കൽപ്പേട്ട് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ചയോടെ ആന്ധയിലെ നെല്ലൂരുവും മച്ചിലപ്പട്ടണത്തിനും ഇടയിൽ മിഗ്ജൗമ് കര തൊടുമെന്നാണ് പ്രവചനം.
കരയിൽ പ്രവേശിക്കുമ്പോള്‍ 110 കിലോമീറ്റര്‍ വരെ വേഗം പ്രതീക്ഷിക്കുന്നതിനാൽ പ്രദേശത്ത് അതീവജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ നൂറു വർഷത്തിനിടെ ചെന്നൈയിലുണ്ടായ ഏറ്റവും വലിയ പെയ്ത്താണിതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.