തിരുവല്ലം കസ്റ്റഡി മരണം; സിബിഐ കുറ്റപത്രം സമർപ്പിച്ചു
Thursday, February 15, 2024 7:36 PM IST
തിരുവനന്തപുരം: തിരുവല്ലം പോലീസിന്റെ കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കുറ്റപത്രം നൽകി. സിബിഐ തിരുവനന്തപുരം യൂണിറ്റ് സിജെഎം കോടതിയിലാണ് റിപ്പോർട്ട് നൽകിയത്.
തിരുവല്ലം എസ്എച്ച്ഒ ആയിരുന്ന സുരേഷ് വി.നായർ, എസ്ഐമാരായ വിപിൻ പ്രകാശ്, സജികുമാർ, ഹോം ഗാർഡ് വിനു എന്നിവർക്കെതിരാണ് കുറ്റപത്രം നൽകിയത്. 2022 ഫെബ്രുവരി 28നാണ് ദമ്പതികളെ ആക്രമിച്ച കേസിൽ തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്ത സുരേഷ് മരിച്ചത്.
മർദനം മൂലമുള്ള ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് വിടുകയായിരുന്നു.