പൗരത്വ ഭേദഗതി ; യുഎസിന് മറുപടിയുമായി ഇന്ത്യ
Friday, March 15, 2024 5:54 PM IST
ന്യൂഡൽഹി: പൗരത്വ ഭേദഗതി സംബന്ധിച്ച് ആശങ്കയറിയിച്ച അമേരിക്കയ്ക്ക് മറുപടിയുമായി ഇന്ത്യ. ഇന്ത്യയില്‍ സിഎഎ നടപ്പാക്കുന്നത് നിരീക്ഷിക്കുകയാണെന്ന് കഴിഞ്ഞ ദിവസം അമേരിക്ക വ്യക്തമാക്കിയിരുന്നു.
പൗരത്വ നിയമ ഭേദഗതി വിവേചനപരമായ സ്വഭാവത്തിലുള്ളതും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനവുമാണെന്ന് യുഎൻ ഹൈക്കമ്മീഷണർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ സിഎഎ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അത് നടപ്പാക്കുന്നതിനെക്കുറിച്ചുള്ള അമേരിക്കയുടെ പ്രസ്താവന തെറ്റായതും അനാവശ്യവുമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യത്തെക്കുറിച്ചും മേഖലയുടെ വിഭജനപൂര്‍വ ചരിത്രത്തെക്കുറിച്ചും അറിവില്ലാതെയുള്ള പ്രതികരണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇന്ത്യയുടെ സുഹൃദ് രാജ്യങ്ങള്‍ നടപടിയെ സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
പാക്കിസ്ഥാന്, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പൗരത്വാവകാശം നല്‍കുന്നതാണ് പുതിയ നിയമം.
പൗരത്വ ഭേദഗതി ഇന്ത്യയിൽ നടപ്പിലാക്കുന്നതിൽ യുഎൻ കഴിഞ്ഞ ദിവസം ആശങ്ക പ്രകടിപ്പിച്ചിരുന്നു.