സ്വർണക്കടത്ത്; അഫ്ഗാൻ നയതന്ത്ര ഉദ്യോഗസ്ഥ സ്ഥാനമൊഴിയുന്നു
Saturday, May 4, 2024 8:41 PM IST
ന്യൂഡൽഹി: സ്വർണം കടത്തുന്നതിനിടെ പിടിയിലായ അഫ്ഗാൻ നയതന്ത്ര ഉദ്യോഗസ്ഥ സ്ഥാനമൊഴിയുന്നു. ദുബായിൽ നിന്ന് 25 കിലോ സ്വർണം ഇന്ത്യയിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായ മുംബൈയിലെ അഫ്ഗാനിസ്ഥാൻ കോൺസൽ ജനറൽ സാകിയ വാർഡകാണ് സ്ഥാനം ഒഴിയുന്നത്.
ഏപ്രില്‍ 25 നാണ് സാകിയ ഡിആര്‍ഐയുടെ പിടിയിലായത്. ദുബായില്‍നിന്ന് എമിറേറ്റ്സ് വിമാനത്തില്‍ മുംബൈയിലെത്തിയ ഇവർ സ്വർണം കടത്തുന്നുണ്ടെന്ന രഹസ്യവിവരം ഡിആര്‍ഐയ്ക്ക് ലഭിച്ചിരുന്നു.
സ്വർണം പിടിച്ചെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തെങ്കിലും നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ഇവരെ അറസ്റ്റ് ചെയ്തിരുന്നില്ല. അഫ്ഗാനിസ്ഥാനിലെ മുൻ അഷ്റഫ് ഗനി സർക്കാരാണ് ഇവരെ നിയമിച്ചത്.
2021 ൽ താലിബാൻ സർക്കാർ സാകിയായെ നീക്കിയെങ്കിലും ഗനി സർക്കാർ നിയമിച്ച നയതന്ത്ര ഉദ്യോഗസ്ഥരുമായാണ് ഇന്ത്യ സഹകരിക്കുന്നത്. 18 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പിടിച്ചെടുത്തതെന്ന് ഡിആര്‍ഐ അധികൃതർ പറഞ്ഞു.