മണിപ്പുരിൽ പുനരാരംഭിച്ച ബസ് സർവീസിന് നേരെ ആക്രമണം; ലാത്തി വീശി സുരക്ഷാസേന
Saturday, March 8, 2025 3:54 PM IST
ഇംഫാല്‍: മണിപ്പുരിൽ ഇന്നു പുനരാരംഭിച്ച ബസ് സർവീസിന് നേരെ ആക്രമണം. കാങ്പോക്പിയിലാണ് സംഭവം. ജനക്കൂട്ടം സേനാപതി ജില്ലയിലേക്ക് പോകുകയായിരുന്ന ബസിന് നേരെ കല്ലെറിഞ്ഞു. ഇതിനു പിന്നാലെ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷാസേന ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചു.
സഞ്ചാരസ്വാതന്ത്ര്യം എല്ലാ മേഖലയിലും ഉറപ്പാക്കണം എന്ന കേന്ദ്ര നിർദേശത്തിന് പിന്നാലെയാണ് രാഷ്ട്രപതി ഭരണം തുടരുന്ന മണിപ്പുരിൽ ബസ് സർവീസുകൾ പുനരാരംഭിച്ചത്.
കൂടാതെ, ക്രമസമാധാന നില പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി 114 ഓളം ആയുധങ്ങൾ കണ്ടെടുത്തതായും സംസ്ഥാനത്തെ നിരോധിത സംഘടനകളിൽ നിന്നുള്ള ഏഴ് അംഗങ്ങളെ അറസ്റ്റ് ചെയ്തതായും ഉദ്യോഗസ്ഥർ പറഞ്ഞു.