ഐഎസ്ഐ മേധാവിയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കി പാക്കിസ്ഥാൻ
Thursday, May 1, 2025 10:15 AM IST
ഇസ്ലാമബാദ്: പാക് ചാരസംഘടനയായ ഐഎസ്ഐയുടെ മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അസിം മാലിക്കിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെയാണ് നടപടി.
ഐഎസ്ഐ മേധാവി എന്ന ഉത്തരവാദിത്തത്തിന് പുറമെ, അധിക ചുമതലയായാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന പദവി കൂടി നല്‍കിയിരിക്കുന്നത്. ഇതാദ്യമായാണ് ഐഎസ്ഐ മേധാവി ദേശീയ സുരക്ഷാ ഉപദേഷ്ടാവാകുന്നത്.
2024 സെപ്റ്റംബറിലാണ് ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അസിം മാലിക്ക് ഐഎസ്ഐ മേധാവിയായി നിയമിതനായത്. ഐഎസ്ഐയുടെ ഡയറക്ടര്‍ ജനറലായി നിയമിതനാകുന്നതിന് മുമ്പ് പാക്കിസ്ഥാന് സൈനിക ആസ്ഥാനത്ത് അഡ്ജറ്റന്റ് ജനറലായി അസിം മാലിക് സേവനമനുഷ്ഠിച്ചിരുന്നു.