നിർണായക വാർത്താ സമ്മേളനം പകൽ പത്തിന്; രാജ്നാഥ് സിംഗും എസ്. ജയശങ്കറും മാധ്യമങ്ങളെ കാണും
Saturday, May 10, 2025 6:21 AM IST
ന്യൂഡൽഹി: അതിർത്തിയിൽ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ വാർത്താ സമ്മേളനം വിളിച്ച് പ്രതിരോധ മന്ത്രാലയം. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.
രാവിലെ പത്തോടെ വാർത്താ സമ്മേളനമുണ്ടാകും. നിർണായക പ്രഖ്യാപനമുണ്ടായേക്കാൻ സാധ്യതയുണ്ട്. ആദ്യം പുലർച്ചെ 5 : 45 ന് ആയിരുന്നു വാർത്താ സമ്മേളനം നടത്താനിരുന്നത്. പിന്നീട് വാർത്താ സമ്മേളനത്തിന്റെ സമയം മാറ്റുകയായിരുന്നു.
അതേസമയം ജമ്മുവിൽ വീണ്ടും പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തി. രാത്രിയുണ്ടായ തുടർച്ചയായ ആക്രമണത്തിനു പിന്നാലെയാണ് പുലർച്ചെയും പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തിയത്.
ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ച് പാക് ആക്രമണത്തെ പ്രതിരോധിച്ചു. അമൃത്സറിലും പുലർച്ചെ പാക് പ്രകോപനമുണ്ടായി. വലിയ സ്ഫോടന ശബ്ദം കേട്ടതായാണ് വിവരം. പാക് ഡ്രോണുകൾ തകർത്ത ശബ്ദമാണ് കേട്ടതെന്നാണ് സൂചന.
അതേസമയം പാക് സൈനിക താവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയതായി പാക്കിസ്ഥാൻ ആരോപിച്ചു. നൂർ ഖാൻ, മുരിദ്, റഫീഖി വ്യോമത്താവളങ്ങൾ ആക്രമിക്കപ്പെട്ടെന്ന് പാക് സൈന്യം അറിയിച്ചു. ശക്തമായി തിരിച്ചടിക്കുമെന്നും പാക്കിസ്ഥാൻ വ്യക്തമാക്കി.