പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി; ഒരു യൂട്യൂബർ കൂടി അറസ്റ്റിൽ
Saturday, May 17, 2025 5:55 PM IST
ന്യൂഡൽഹി: പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ഒരു യൂട്യൂബർ കൂടി അറസ്റ്റിൽ. ഹരിയാന ഹിസാർ സ്വദേശിയായ ജ്യോതി മൽഹോത്രയാണ് ഇന്ന് അറസ്റ്റിലായത്. ഇതോടെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പഞ്ചാബിലും ഹരിയാനയിലുമായി ചാരവൃത്തിക്ക് അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
സമൂഹമാധ്യമങ്ങളിലടക്കം വിവിധ ഏജൻസികൾ നിരീക്ഷണം ശക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചാരപ്രവർത്തനം കണ്ടെത്താൻ രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷണം ശക്തമാക്കിയിരുന്നു. പിന്നാലെയാണ് രാജ്യത്തിനകത്തുനിന്നുകൊണ്ട് പാക്കിസ്ഥാന് നിർണായക വിവരങ്ങൾ കൈമാറിയവർ ഓരോന്നായി പിടിയിലായത്.
ഏറ്റവും ഒടുവിൽ അറസ്റ്റിലായ ഹരിയാന ഹിസാർ സ്വദേശിയായ ജ്യോതി മൽഹോത്ര മൂന്നര ലക്ഷത്തിലധികം ഫോളോവേഴ്സുള്ള വ്ളോഗറാണ്.2023ൽ പാക്കിസ്ഥാനടക്കം സന്ദർശിച്ച് വീഡിയോകൾ ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിക്ക് പാക്കിസ്ഥാനിലേക്ക് പോകാൻ വേണ്ട സഹായം ചെയ്തത് പാക് ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനായ ഡാനിഷാണെന്നും യുവതി ഐഎസ്ഐ ഉദ്യോഗസ്ഥർക്ക് ഇന്ത്യയിലെ വിവിധ മേഖലകളെകുറിച്ച് വിവരം നൽകിയെന്നും ഏജൻസികൾ പറയുന്നു.
പാക്കിസ്ഥാനെ പുകഴ്ത്തി സമൂഹമാധ്യമങ്ങളിൽ വീഡിയോകൾ പങ്കുവച്ചതും അറസ്റ്റിന് കാരണമായി.