പാലക്കാട്ട് മുഖ്യമന്ത്രിയുടെ പരിപാടി നടന്ന വേദിക്ക് പുറത്ത് തീയും പുകയും
Sunday, May 18, 2025 12:49 PM IST
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടി നടന്ന ഹാളിന് പുറത്ത് തീയും പുകയും. പാലക്കാട് മലമ്പുഴയിൽ പട്ടിക ജാതി- പട്ടിക വർഗ മേഖല സംസ്ഥാനതല സംഗമം നടന്ന വേദിക്ക് സമീപത്തെ ഹാളിലാണ് സംഭവം.
പുക ഉയർന്നതിനെ തുടർന്ന് പങ്കെടുക്കാൻ എത്തിയവർ പരിഭ്രാന്തരാവുകയും പരിപാടി അൽപസമയം നിർത്തിവെക്കുകയും ചെയ്തു. ജനറേറ്ററിലുണ്ടായ ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് പുക ഉയർന്നതെന്നാണ് പ്രാഥമിക വിവരം.
മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിന് പിന്നാലെ പരിപാടിയിൽ പങ്കെടുക്കുന്നവർ ചർച്ചയിൽ പങ്കെടുത്ത് പരാതികളും അഭിപ്രായങ്ങളും പറയുന്നതിനിടെയാണ് പുക ഉയർന്നത്. ഉടൻ അഗ്നിശമനസേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി തീ അണച്ചു. തുടർന്ന് പരിപാടി പുനരാരംഭിച്ചു.
മുഖ്യമന്ത്രിയെ കൂടാതെ കെ. കൃഷ്ണൻകുട്ടി അടക്കം മന്ത്രിമാരും നഞ്ചമ്മ, റാപ്പർ വേടൻ അടക്ക സംസ്ഥാനത്തെ വിവിധി ഭാഗങ്ങളിൽ നിന്ന് ക്ഷണിക്കപ്പെട്ടവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.
ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ തോതിൽ പുക ഉയർന്നതായും വേദിയിൽ നിന്ന് വളരെ അകലെയാണ് സംഭവമെന്നും മറ്റ് പ്രയാസങ്ങൾ ഉണ്ടായില്ലെന്നും പങ്കെടുത്തവർ മാധ്യമങ്ങളോട് പറഞ്ഞു.