ഡൽഹിയിൽ 100ലധികം കോവിഡ് കേസുകൾ; ഏറ്റവും കൂടുതൽ കേരളത്തിൽ
Monday, May 26, 2025 12:25 PM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 100ലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തുടനീളമുള്ള ആകെ കേസുകളുടെ എണ്ണം 1,009 ആയി.
ഡൽഹിയിൽ കുറഞ്ഞത് 104 സജീവ കേസുകളുണ്ട്. അതിൽ 99 എണ്ണം കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്.
430 കേസുകളുമായി മഹാരാഷ്ട്ര തൊട്ടുപിന്നിലുണ്ട്. ഡൽഹി മൂന്നാം സ്ഥാനത്താണ്. ഗുജറാത്തിൽ 83 കേസുകളും കർണാടകയിൽ 47 കേസുകളും ഉത്തർപ്രദേശിൽ 15 കേസുകളും പശ്ചിമ ബംഗാളിൽ 12 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കോവിഡ് മൂലം മഹാരാഷ്ട്രയിൽ കുറഞ്ഞത് നാല് മരണങ്ങളും കേരളത്തിൽ നിന്ന് രണ്ട് മരണങ്ങളും കർണാടകയിൽ നിന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആൻഡമാൻ നിക്കോബാർ, അരുണാചൽപ്രദേശ്, ആസാം, ബീഹാർ, ഹിമാചൽ പ്രദേശ്, ജമ്മുകാഷ്മീർ എന്നിവിടങ്ങളിൽ നിന്ന് ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ല.