ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം; കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്ര ഉപദേശക സമിതിയെ പിരിച്ചുവിട്ടു
Tuesday, May 27, 2025 4:55 PM IST
കൊല്ലം: കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടത്തിയ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം ആലപിച്ചതിൽ നടപടിയുമായി തിരുവാതംകൂർ ദേവസ്വം ബോർഡ്. നടപടിയുടെ ഭാഗമായി ക്ഷേത്ര ഉപദേശക സമിതിയെ പിരിച്ചുവിട്ടെന്ന് തിരുവാതംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
ഉത്സവ സമയത്ത് ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ - സാമുദായിക സംഘടനയുടെ കൊടി തോരണങ്ങൾ കെട്ടിയിരുന്നു. ഈ രണ്ട് സംഭവങ്ങളിലും ക്ഷേത്ര ഉപദേശക സമിതിക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനെ തുടർന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപടി സ്വീകരിച്ചത്.
ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലും ക്ഷേത്ര പരിസരങ്ങളിലും രാഷ്ട്രീയ - സാമുദായിക സംഘടനകളുടെ കൊടി തോരണങ്ങൾ കെട്ടുന്നതും. രാഷ്ട്രീയ സമുദായ സംഘടനകളുടെ ആശയ പ്രചരണത്തിന് ക്ഷേത്രങ്ങളെ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.
എന്നാൽ കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്ര അധികൃതർ ഇത് ലംഘിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തിരുവാതംകൂർ ദേവസ്വം ബോർഡ് നടപടി സ്വീകരിച്ചത്.