നിലമ്പൂരിൽ അൻവറിനായി രംഗത്തിറങ്ങി അനുയായികൾ; കൂറ്റൻ ബോർഡുകൾ സ്ഥാപിച്ചു
Wednesday, May 28, 2025 7:05 PM IST
മലപ്പുറം: നിലമ്പൂരിൽ പിവി അൻവറിന്റെ കൂറ്റൻ ബോർഡുകൾ സ്ഥാപിച്ച് അനുയായികൾ. നിലമ്പൂരിന്റെ സുൽത്താൻ പിവി അൻവർ തുടരും എന്ന് എഴുതിയ ബോർഡുകളാണ് സ്ഥാപിച്ചത്.
മലയോര ജനതയുടെ പ്രതീക്ഷ, ജനങ്ങൾ കൂടെയുണ്ട് എന്നും ബോർഡിലുണ്ട്. വഴിക്കടവ്, ചുങ്കത്തറ പ്രദേശങ്ങളിൽ ആണ് ഇപ്പോൾ ബോർഡ് വച്ചത്. തൃണമൂൽ കോൺഗ്രസിന്റെ പേരിലാണ് ബോർഡുകൾ.
പിവി അൻവറിനെ ചൊല്ലി കോൺഗ്രസിൽ ഭിന്നാഭിപ്രായങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. അൻവർ മുന്നണിയിൽ വേണ്ടെന്ന് സതീശൻ ഒറ്റയ്ക്ക് തീരുമാനിക്കേണ്ടെന്ന് കെ സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു. നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ അൻവർ നിർണായക ശക്തിയാണ്. അൻവറിന്റെ കയ്യിലുള്ള വോട്ട് യുഡിഎഫിന് കിട്ടിയില്ലെങ്കിൽ അത് തിരിച്ചടിയാകുമെന്നും ഇക്കാര്യം വിഡി സതീശനുമായി സംസാരിക്കുമെന്നും സുധാകരൻ പ്രതികരിച്ചിരുന്നു.
അൻവറും കോൺഗ്രസും തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മുൻകൈയിൽ കൂടുതൽ നീക്കങ്ങൾ നടക്കുന്നുണ്ട്. കുഞ്ഞാലിക്കുട്ടി കെസി വേണുപോലുമായി സംസാരിച്ചു. പ്രശ്ന പരിഹാരത്തിന് വഴി നിർദേശിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.