കരുവന്നൂർ കുറ്റപത്രം: പ്രതിഷേധം കനപ്പിക്കാൻ കോണ്‍ഗ്രസും ബിജെപിയും
Friday, May 30, 2025 8:00 PM IST
തൃശൂർ: കരുവന്നൂർ കേസിൽ ഇഡി സിപിഎം നേതാക്കളെ ഉൾപ്പെടുത്തി കുറ്റപത്രം നൽകിയതോടെ സിപിഎം നേതാക്കൾക്കെതിരെ പ്രതിഷേധം കനപ്പിക്കാൻ കോണ്‍ഗ്രസും ബിജെപിയും സമരപരിപാടികൾ ആവിഷ്കരിക്കുന്നു.
കെ.രാധാകൃഷ്ണൻ എംപി, എ.സി.മൊയ്തീൻ എംഎൽഎ, സിപിഎം മുൻ ജില്ല സെക്രട്ടറി എം.എം.വർഗീസ് എന്നിവർക്കെതിരെയും സിപിഎം സംസ്ഥാന-ജില്ല നേതൃത്വങ്ങൾക്കെതിരെയും പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസും ബിജെപിയും തീരുമാനിച്ചിരിക്കുന്നത്.
ജില്ലയിലെ 111 മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ ശനിയാഴ്ച പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ബിജെപിയുടെ പ്രമുഖ നേതാക്കൾ കരുവന്നൂർ വിഷയത്തിൽ പത്രസമ്മേളനം നടത്തി സർക്കാരിനും സിപിഎം നേതാക്കൾക്കുമെതിരെ കടുത്ത വിമർശനമുന്നയിക്കുന്നുണ്ട്.