സൂംബയുമായി സർക്കാർ മുന്നോട്ട് പോകണം: വെള്ളാപ്പള്ളി നടേശൻ
Sunday, June 29, 2025 5:19 PM IST
ആലപ്പുഴ: സൂംബയെ എസ്എൻഡിപി പൂർണമായും പിന്തുണയ്ക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ. മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം നേതൃത്വം ഇതിനെ എതിർക്കുന്നു. ഈ നിലപാട് ശരിയല്ല. വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നും ഇത് മതവികാരം വൃണപ്പെടുത്താനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ ശ്രമങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണം. സൂംബയുമായി സർക്കാർ മുന്നോട്ട് പോകണം. മത രാജ്യമോ മത സംസ്ഥാനമോ സൃഷ്ടിക്കാൻ ശ്രമമെന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റ് പറയാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി വിമർശിച്ചു.
നിലമ്പൂർ സീറ്റ് യുഡിഎഫിന്റേതാണ്. അവർ ജയിച്ചു. അത് അംഗീകരിക്കണം. എൽഡിഎഫ് തോറ്റു എന്ന് പറയാനാവില്ല. നല്ല വോട്ട് നേടി. ലീഗും കോൺഗ്രസും ഒരുമിച്ച് നിന്നു.
അൻവറിന്റെ ശക്തി തിരിച്ചറിഞ്ഞു. ജനങ്ങളെ കൂടെ നിർത്താൻ അൻവറിന് കഴിഞ്ഞു. അൻവർ നേടിയ വോട്ടുകൾ ചെറുതായി കാണാൻ ആവില്ല. അൻവർ പാർട്ടിക്ക് വിധേയമായാൽ എടുക്കാമെന്ന കോൺഗ്രസ് നിലപാട് മികച്ചതാണ്. നിലമ്പൂർ നിയമസഭ തെരഞ്ഞെടുപ്പിന്റെ വിലയിരുത്തലല്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.