ഓപ്പറേഷൻ സിന്ദൂറിനിടെ സൈനികർക്ക് ഭക്ഷണം വിതരണം ചെയ്ത വിദ്യാർഥിക്ക് ആദരം
Monday, July 21, 2025 9:20 AM IST
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ പഞ്ചാബിലെ അതിർത്തി ഗ്രാമത്തിൽ സൈനികർക്ക് ഭക്ഷണം വിതരണം ചെയ്ത കുട്ടിയുടെ പഠന ചിലവ് ഏറ്റെടുത്ത് സൈന്യം.
പഞ്ചാബിലെ ഇന്ത്യ-പാക് അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള താര വാലി ഗ്രാമത്തിലെ ഷ്വാൻ സിംഗിനാണ് സൈന്യത്തിന്റെ ആദരം.
അതിർത്തിയിൽ പാക് സൈന്യവുമായി ഏറ്റുമുട്ടൽ നടക്കുന്നതിനിടെ ഇന്ത്യൻ സൈനികർക്ക് വെള്ളം, ഐസ്, ചായ, പാൽ, ലെസി എന്നിവ ഷ്വാൻ സിംഗ് വിതരണം ചെയ്തിരുന്നു.
കുട്ടിയുടെ ധൈര്യത്തിനും ഉത്സാഹത്തിനും അംഗീകാരമായി, ഇന്ത്യൻ ആർമിയുടെ ഗോൾഡൻ ആരോ ഡിവിഷൻ ഷ്വാന്റെ വിദ്യാഭ്യാസം പൂർണമായും ഏറ്റെടുക്കുയാണെന്ന് സൈന്യം അറിയിച്ചു. ശനിയാഴ്ച ഫിറോസ്പൂർ കന്റോൺമെന്റിൽ നടന്ന ചടങ്ങിൽ, വെസ്റ്റേൺ കമാൻഡിലെ ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ മനോജ് കുമാർ കത്യാർ കുട്ടിയെ ആദരിച്ചു.
ഫിറോസ്പൂർ ജില്ലയിലെ മാംഡോട്ട് ഗ്രാമവാസിയായ ഷ്വാൻ, വലുതാകുമ്പോൾ താനും സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്നുവെന്ന് നേരത്തെ പറഞ്ഞിരുന്നു.
"ഞങ്ങൾ അവനെക്കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു. പട്ടാളക്കാർ അവനെ സ്നേഹിച്ചിരുന്നു' എന്ന് ഷ്വാന്റെ പിതാവ് പറഞ്ഞു. ആരും ആവശ്യപ്പെടാതെയാണ് അവൻ സൈനികരെ സഹായിച്ചതെന്നും പിതാവ് വ്യക്തമാക്കി. .