ചര്‍ച്ച വിജയം; അനിശ്ചിതകാല സ്വകാര്യബസ് സമരം പിന്‍വലിച്ചു
Monday, July 21, 2025 8:06 PM IST
കോഴിക്കോട്: ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യബസ് സമരം പിന്‍വലിച്ചു. മന്ത്രി കെ.ബി.ഗണേഷ്കുമാറുമായി ബസ് ഉടമകൾ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധനവ് സംബന്ധിച്ച് 29ന് വിദ്യാര്‍ഥി സംഘടനാ നേതാക്കളും ബസ് ഉടമകളും സംയുക്തമായി ഗതാഗത സെക്രട്ടറിയുമായി ചര്‍ച്ച നടത്തും. ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റുകള്‍ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്ത് നിയമപരമായി തടസമില്ലെങ്കില്‍ സ്റ്റാറ്റസ്കോ തുടരാനും തീരുമാനമായി.
വിദ്യാര്‍ഥികളുടെ കണ്സഷന് കാര്യത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമായി നിജപ്പെടുത്തുന്ന തരത്തില്‍ ആപ്പ് സംവിധാനം 45 ദിവസത്തിനുള്ളില്‍ നിലവില്‍വരും. ചര്‍ച്ചയില്‍ സംയുക്ത സമിതി ഭാരവാഹികളായ ഹംസ എരിക്കുന്നവന്‍, ടി. ഗോപിനാഥന്, ഗോകുലം ഗോകുല്‍ദാസ്, ഗതാഗത കമ്മീഷണര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.