തമിഴ്നാട്ടിൽ നിന്ന് കൂട്ടത്തോടെ തത്തകളെ എത്തിച്ച് വിൽപ്പന നടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ
Wednesday, July 23, 2025 5:46 PM IST
കട്ടപ്പന: തമിഴ്നാട്ടിൽ നിന്ന് കൂട്ടത്തോടെ തത്തകളെ എത്തിച്ച് വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെ മൂന്ന് പേർ പിടിയിൽ. തമിഴ്നാട് പൊള്ളാച്ചി കൊത്തൂർ സ്വദേശിനികളായ ജയ (50), ഇളവഞ്ചി (45), പൊള്ളാച്ചി കരൂർ സ്വദേശിനി ഉഷ ചന്ദ്രശേഖരൻ (41) എന്നിവരാണ് പിടിയിലായത്.
ഇവർ കൂട്ടിലാക്കി വിൽപ്പനയ്ക്ക് കൊണ്ടുവന്ന 139 തത്തകളെയും പിടികൂടി. കട്ടപ്പനയിൽ വച്ചാണ് മൂന്ന് പേരും പിടിയിലായത്. വനം വകുപ്പിന്റെ ഇടുക്കി ഫ്ലെയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥരും കട്ടപ്പന ക്യാമ്പ് ഓഫീസിലെ ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ പിടികൂടിയത്.
പൊള്ളാച്ചിയിൽ നിന്നും ഇന്ന് പുലർച്ചെ തത്തകളുമായി ബസ് മാർഗം കട്ടപ്പനയിൽ വന്നിറങ്ങിയ മൂവരും കാമാക്ഷി പ്രകാശിലെത്തി വിൽപ്പന നടത്താനായിരുന്നു പദ്ധതിയിട്ടത്. രണ്ട് തത്തകളെ വീതം ഒരു ചെറിയ ബോക്സിലാക്കി 400ഉം 600ഉം രൂപയ്ക്ക് വിൽക്കാനായിരുന്നു ഉദ്ദേശമെന്ന് ഇവർ വനം വകുപ്പ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു.
വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഉടനെത്തി മൂന്ന് പേരെയും തത്തകളെയും പിടികൂടുകയായിരുന്നു. പൊള്ളാച്ചിയിലെ നരിക്കുറവൻമാരിൽ നിന്നും പല തവണയായി വാങ്ങി സൂക്ഷിച്ച തത്തകളാണ് ഇവയെന്ന് പിടിയിലായ സ്ത്രീകൾ പറഞ്ഞു.
തത്തകളെ കാഞ്ചിയാർ ആശുപത്രിയിലെ വെറ്ററിനറി ഡോക്ടർ പരിശോധിച്ചു. തുടർ നടപടികൾക്ക് ശേഷം ഇവയെ ഇടുക്കി വനത്തിൽ തുറന്നു വിടും.