ബൊക്കോ ഹറമിന്റെ തടവിൽ കഴിഞ്ഞിരുന്ന നൈജീരിയൻ വൈദികനു മോചനം
Thursday, July 24, 2025 12:36 AM IST
അബുജ: ഇസ്ലാമിക ഭീകരസംഘടനയായ ബൊക്കോ ഹറമിന്റെ തടവിൽ കഴിഞ്ഞിരുന്ന നൈജീരിയൻ വൈദികന് 51 ദിവസത്തിനുശേഷം മോചനം. ബോർണോ സംസ്ഥാനത്തെ മൈദുഗുരി രൂപതയിൽ സേവനമനുഷ്ഠിക്കുന്നതിനിടെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഫാ. അൽഫോൻസസ് അഫീനയെയാണു മോചിപ്പിച്ചത്.
ഭീകരരെ തുരത്തി സൈന്യമാണു ഇദ്ദേഹത്തെ മോചിപ്പിച്ചത്. ഇദ്ദേഹത്തോടൊപ്പം ഭീകരരുടെ തടവിൽ കഴിഞ്ഞിരുന്ന പത്തു സ്ത്രീകളെയും സൈന്യം മോചിപ്പിച്ചു. കഴിഞ്ഞ ജൂൺ ഒന്നിനാണു വൈദികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. ആറര വർഷത്തോളം അലാസ്കയിലെ ഫെയർബാങ്ക്സ് രൂപതയിൽ സേവനം ചെയ്ത വ്യക്തിയാണ് ഇദ്ദേഹം.
വൈദികന് മോചിതനായെങ്കിലും ദുർബലനും ക്ഷീണിതനുമാണെന്ന് മൈദുഗുരി സഹായമെത്രാൻ ജോൺ ബക്കേനി പറഞ്ഞു. നൈജീരിയയില്‍ സജീവമായ ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പായ ബൊക്കോ ഹറമിന്റെ വിവിധ തരത്തിലുള്ള ചൂഷണത്തിന് ഇരകളായിരുന്നവരെ സഹായിച്ചു വരികയായിരുന്നു ഫാ. അൽഫോൻസസ് അഫീന.
കഴിഞ്ഞ പത്തു വർഷത്തിനിടെ നൈജീരിയയിൽ 145 വൈദികരെയാണു തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. ഇതിൽ 11 പേരെ വധിച്ചു. കഴിഞ്ഞ പത്തിന് ഔചി രൂപതയിലെ ഇമാക്കുലേറ്റ് കൺസെപ്ഷൻ മൈനർ സെമിനാരിയിലേക്ക് ഇരച്ചുകയറിയ തീവ്രവാദികൾ സെക്യൂരിറ്റി ഗാർഡിനെ വെടിവച്ചു കൊലപ്പെടുത്തിയശേഷം മൂന്ന് വൈദികവിദ്യാർഥികളെ തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെക്കുറിച്ച് ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല.