പത്തനംതിട്ടയിൽ ഭാര്യയെയും കുടുംബാംഗങ്ങളെയും കുത്തിപ്പരിക്കേൽപിച്ച് യുവാവ്; ഒളിവിൽപോയ പ്രതിക്കായി തെരച്ചിൽ
Sunday, August 3, 2025 12:31 AM IST
പത്തനംതിട്ട: പുല്ലാട് ആലുംതറയിൽ ഭാര്യയടക്കം മൂന്ന് പേരെ കുത്തിപ്പരിക്കേൽപിച്ച് യുവാവ്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതി അജിക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
പ്രതിയുടെ ഭാര്യയായ ശ്യാമ, ശ്യാമയുടെ പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവരെയാണ് അജി കുത്തിപ്പരിക്കേൽപിച്ചത്. ശശിയുടെ നെഞ്ചിനാണ് കുത്തേറ്റത്. മറ്റ് രണ്ടാൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നേരത്തെ തന്നെ കുടുംബകലഹം പതിവാണെന്ന് വാർഡ് മെമ്പർ പറഞ്ഞു. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിൽ നിരവധി പരാതികൾ കോയിപ്പുറം പോലീസിൽ ലഭിച്ചിട്ടുണ്ട്. ഇന്നും ഭാര്യയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയ പ്രതി അജി ഇവരെ കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു.