പുടിന് ആനകളെ സമ്മാനിക്കും: ലാവോസ് പ്രസിഡന്റ്
Sunday, August 3, 2025 3:05 AM IST
മോസ്കോ: റഷ്യൻ സർക്കാരിന് ഒരു ജോഡി ആനകളെ സമ്മാനിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ലാവോസ് പ്രസിഡന്റ് തോംഗ്ലൂൺ സിസോളിത്. കഴിഞ്ഞ ദിവസം മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ്ച നടത്തവേയാണ് അദ്ദേഹം ഇതു പറഞ്ഞത്.
റഷ്യയും ലാവോസും നയതന്ത്രബന്ധം ആരംഭിച്ചതിന്റെ 65-ാം വാർഷികത്തോട് അനുബന്ധിച്ച് സമ്മാനം നല്കാനാണ് ആഗ്രഹം. ആന സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലാവസ് പ്രസിഡന്റിന്റെ വാഗ്ദാനത്തിൽ പുടിൻ നന്ദി അറിയിച്ചു. ആനകളെ സെന്റ് പീറ്റേഴ്സ് നഗരത്തിലേക്കായിരിക്കും അയയ്ക്കുകയെന്നാണ് സൂചന.