യുഎസുമായുള്ള ഉഭയകക്ഷികരാറുകള്‍ മരവിപ്പിക്കാന്‍ നീക്കമില്ല: വിദേശകാര്യമന്ത്രാലയം
Monday, August 4, 2025 2:48 AM IST
ന്യൂഡല്‍ഹി: തീരുവയെച്ചൊല്ലിയുള്ള ഇന്ത്യ - യുഎസ് തർക്കം നിലനിൽക്കുന്നതിനിടെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകൾ തള്ളി കേന്ദ്ര വിദേശകാര്യമന്ത്രാലയം. തീരുവയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ള അമേരിക്കന്‍ ഉത്പന്നങ്ങളുടെ പട്ടിക ഇന്ത്യ പുനഃപരിശോധിക്കുന്നെന്ന റിപ്പോർട്ടാണ് വിദേശകാര്യമന്ത്രാലയം തള്ളിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാറില്‍ അന്തിമധാരണയാകാത്തതിന് പിന്നാലെ ഇന്ത്യന്‍ ഇറക്കുമതിക്കുമേല്‍ യുഎസ് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു. തീരുവയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ള അമേരിക്കന്‍ ഉത്പന്നങ്ങളുടെ പട്ടിക ഇന്ത്യ പുനഃപരിശോധിക്കുന്നെന്ന പ്രചാരണം തെറ്റാണെന്ന് വിദേശകാര്യമന്ത്രാലയം എക്സില്‍ അറിയിച്ചു.
യുഎസുമായുള്ള ഉഭയകക്ഷി കരാറുകള്‍ ഇന്ത്യ പരിശോധിക്കുകയാണെന്നും സാമ്പത്തികമായി പ്രതിരോധത്തിലാക്കുന്ന നടപടികള്‍ തുടരുന്ന പക്ഷം അവ മരവിപ്പിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും വ്യാജമാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.