ഉത്തര കാശിയിലെ മിന്നല്‍ പ്രളയം: 10 സൈനികരെ കാണാതായതായി റിപ്പോര്‍ട്ട്
Wednesday, August 6, 2025 12:20 AM IST
ഡെറാഡൂണ്‍: ഉത്തര കാശിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 10 സൈനികരെ കാണാതായതായി റിപ്പോര്‍ട്ട്. ഹര്‍ഷിലെ ഇന്ത്യന്‍ ആര്‍മി ക്യാംപിന് സമീപമുണ്ടായ ഉരുള്‍പൊട്ടലില്‍ സൈനികരെ കാണാതായതായി സൈന്യവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം സ്ഥലത്ത് കുടുങ്ങിയ 130 പേരെ രക്ഷപ്പെടുത്തിയെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.
സൈനിക ക്യാംപില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെ ധരാലിയില്‍ ഉച്ചയ്ക്ക് 1.15 ഓടെയാണ് മേഘവിസ്ഫോടനമുണ്ടായത്. ധരാലി ഗ്രാമത്തിന്റെ ഒരു ഭാഗം പൂര്‍ണമായും ഒലിച്ചുപോയി. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. എന്‍ഡിആര്‍എഫ് സംഘങ്ങളും ധരാലിയിലെത്തിയിട്ടുണ്ട്.
ഗംഗോത്രിയിലേക്കുളള വഴിയിലെ പ്രധാന ഇടത്താവളമാണ് ധരാലി. നിരവധി ഹോട്ടലുകളും റസ്റ്റോറന്റുകളും ഹോംസ്റ്റേകളുമുളള മേഖലയാണ് ഇവിടം. ഖീര്‍ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്താണ് മേഘവിസ്ഫോടനമുണ്ടായത്.
ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനായി 150 ഓളം സൈനിര്‍ ധരാലിയിലെത്തി. സ്ഥലത്ത് കുടുങ്ങിക്കിടന്ന ആളുകളെ രക്ഷപ്പെടുത്തി. ഇതുപതിലധികം പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം.
നാലുപേരുടെ മൃതദേഹം ലഭിച്ചു. ഉത്തരകാശിയില്‍ മേഘവിസ്ഫോടനം മൂലമുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചുളള വാര്‍ത്ത അങ്ങേയറ്റം ദുഖകരമാണെന്നും എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ്, ജില്ലാ ഭരണകൂടവുമുള്പ്പെടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി അറിയിച്ചു.