ശബരിമലയില്‍ ആഗോള അയ്യപ്പ സംഗമം നടത്തുമെന്ന് മന്ത്രി വി.എൻ. വാസവൻ
Thursday, August 7, 2025 9:26 PM IST
തിരുവനന്തപുരം: ശബരിമലയില്‍ ആഗോള അയ്യപ്പ സംഗമം നടത്തുമെന്ന് മന്ത്രി വി.എൻ. വാസവൻ. സെപ്റ്റംബര്‍ 16നും 21നും ഇടയിലായിരിക്കും സംഗമം നടക്കുക.
ആഗോള അയ്യപ്പഭക്തരെ ഒരു വേദിയില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും സംഗമത്തിന് എത്തുന്നവര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന് അകത്തും പുറത്തുംനിന്നുമുള്ള സംഘടനകളെയായിരിക്കും ക്ഷണിക്കുക. സംഗമത്തില്‍ 3000 പ്രതിനിധികള്‍ പങ്കെടുക്കും. സർക്കാരും ദേവസ്വം ബോർഡുമാണ് പരിപാടിയുടെ സംഘാടകർ. ശബരിമലയുടെ പ്രധാന്യം ലോകമെമ്പാടും എത്തിക്കുകയാണ് ആഗോള അയ്യപ്പ സംഗമത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ മണ്ഡലം മകരവിളക്ക് ഉത്സവം പരാതിരഹിതമായി നടപ്പാക്കിയതായും മന്ത്രി പറഞ്ഞു. ഇക്കുറി ഭക്തർക്ക് കൂടുതൽ സൗകര്യങ്ങള്‍ ഒരുക്കും. മൂന്ന് ഘട്ടങ്ങളിലായി ശബരിമലയുടെ വികസനം നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.