മുംബൈ ആക്രമണ കേസ്; തഹാവുർ റാണയ്ക്ക് കുടുംബാംഗങ്ങളോട് ഫോണിൽ സംസാരിക്കാൻ അനുമതി
Friday, August 8, 2025 2:20 AM IST
ന്യൂഡൽഹി: മുംബൈ ആക്രമണ കേസിലെ പ്രതി തഹാവുർ ഹുസൈൻ റാണയ്ക്ക് കുടുംബാംഗങ്ങളുമായി പരിമിതമായി ഫോൺ സംഭാഷണം നടത്താൻ ഡൽഹി കോടതി അനുമതി നൽകിയതായി കോടതി വൃത്തങ്ങൾ അറിയിച്ചു. ഇൻ-ചേംബർ നടപടിയിലൂടെ പ്രത്യേക ജഡ്ജി ചന്ദർ ജിത് സിംഗാണ് ഉത്തരവിട്ടത്. തന്റെ നിയമ ഉപദേഷ്ടാവിനെ മാറ്റുന്നതിന് മുമ്പ് കുടുംബവുമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അനുമതി തേടിയതിനെതുടർന്നാണിത്.
നിലവിൽ ഡൽഹി ലീഗൽ സർവീസസ് അഥോറിറ്റിയിലെ (ഡിഎൽഎസ്എ) അഭിഭാഷകനായ പിയൂഷ് സച്ദേവയാണ് റാണയുടെ നിയമസഹായ ഉപദേഷ്ടാവ്. നേരത്തെ, കുടുംബാംഗങ്ങളുമായി ടെലിഫോണിൽ സംസാരിക്കണമെന്ന റാണയുടെ അപേക്ഷ തിഹാർ ജയിൽ അധികൃതർ എതിർത്തിരുന്നു.
മുംബൈ ആക്രമണത്തിലെ മുഖ്യ സൂത്രധാരനായ അമേരിക്കൻ പൗരൻ ഡേവിഡ് കോൾമാൻ ഹെഡ്ലി എന്ന ദാവൂദ് ഗിലാനിയുമായി അടുത്ത ബന്ധമുള്ളയാളാണ് റാണ. റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരായ പുനപരിശോധനാ ഹർജി ഏപ്രിൽ നാലിന് യുഎസ് സുപ്രീം കോടതി തള്ളിയതിനെതുടർന്നാണ് റാണയെ ഇന്ത്യയിലെത്തിച്ചത്.
2008 നവംബർ 26ന്, കടൽമാർഗം ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലേക്ക് നുഴഞ്ഞുകയറിയ 10 പാകിസ്ഥാനി ഭീകരർ ഒരു റെയിൽവേ സ്റ്റേഷൻ, രണ്ട് ആഡംബര ഹോട്ടലുകൾ, ഒരു ജൂത കേന്ദ്രം എന്നിവയിൽ ആക്രമണം നടത്തുകയായിരുന്നു. 60 മണിക്കൂറോളം നീണ്ടുനിന്ന ആക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടു.