ജനങ്ങൾ ഭരിക്കപ്പെടേണ്ടവരല്ല,സേവിക്കപ്പെടേണ്ടവരാണ്: മുഖ്യമന്ത്രി
Saturday, August 9, 2025 10:13 PM IST
തിരുവനന്തപുരം: ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളാണ് യജമാനൻമാർ എന്ന കാഴ്ചപ്പാട് പൂർണമായും ഉൾക്കൊള്ളേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ ഭരിക്കപ്പെടേണ്ടവരും ഉദ്യോഗസ്ഥർ ഭരിക്കേണ്ടവരുമാണ് എന്ന ചിന്ത ഉണ്ടായിക്കൂടെന്നും ഭരിക്കപ്പെടേണ്ടവരല്ല മറിച്ച്, സേവിക്കപ്പെടേണ്ടവരാണു ജനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി മാസ്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച സിവിൽ സർവീസ് പരീക്ഷാ വിജയികൾക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ ഭരണസംവിധാനമാണു നമ്മുടേത്. അതുകൊണ്ടുതന്നെ ജനാധിപത്യത്തോട് ഉയർന്ന ആദരവു പുലർത്തുംവിധം തന്നെയാവണം ഭരണനിർവഹണം. ജനാധിപത്യം നിലനിന്നാൽ മാത്രമേ കാര്യക്ഷമവും ജനസൗഹൃദപരവുമായ സിവിൽ സർവീസും നിലനിൽക്കൂ. രാജ്യത്തിന്റെ ഭാവിപരിപാടികൾ എന്തായിരിക്കണം എന്നു ജനാധിപത്യ ഭരണസംവിധാനം നിർണയിക്കുന്നതിനനുസരിച്ച് നാടിനെ വാർത്തെടുക്കുന്നതിൽ നേതൃപരമായ പങ്കുവഹിക്കണമെന്നും സിവിൽ സർവീസ് ജേതാക്കളോട് മുഖ്യമന്ത്രി പറഞ്ഞു.
മാറ്റങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവ്, സമഭാവനയോടെയുള്ള പെരുമാറ്റം, ഓരോ പൗരന്റെയും അവകാശത്തെക്കുറിച്ചുള്ള അവബോധം, ദുർബലരായ മനുഷ്യരോടുള്ള അനുതാപം, ഏതു പ്രതികൂല സാഹചര്യത്തിലും ക്രിയാത്മകമായി ഇടപെടാനുള്ള ആത്മവിശ്വാസം, പ്രതിസന്ധികളെ അതിജീവിക്കാനുള്ള ആത്മവിശ്വാസം എന്നീ ഗുണങ്ങൾ ഉണ്ടാവണം. അപ്പോഴാണ് മികച്ച ഉദ്യോഗസ്ഥരാകുന്നത്.
അതാണ് യുവ ഉദ്യോഗസ്ഥരായ നിങ്ങൾ ഓരോരുത്തരിൽ നിന്നും നാട് പ്രതീക്ഷിക്കുന്നത്. വായനയിലൂടെയുള്ള അറിവു മാത്രമല്ല, ധാരാളം പ്രായോഗിക അറിവുകളും നേടിയെടുക്കണം. അതിനുതകുന്ന ഗവേഷണ ബുദ്ധിയോടെയും സേവന മനോഭാവത്തോടെയും മുന്നേറണം.
മതനിരപേക്ഷമാവണം നിങ്ങളുടെ മനോഭാവങ്ങൾ. മതനിരപേക്ഷത എന്നത് കേവലമൊരു രാഷ്ട്രീയ പരികല്പനയല്ല, മറിച്ച് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ വർഗീയതയ്ക്കെതിരെ മതനിരപേക്ഷതയെ ഉയർത്തിപ്പിടിക്കുമ്പോൾ നിങ്ങൾ ഒരു രാഷ്ട്രീയം ഉയർത്തിപ്പിടിക്കുകയല്ല, മറിച്ച് ഭരണഘടന ഉയർത്തിപ്പിടിക്കുകയാണ് എന്ന കൃത്യമായ ബോധ്യമുണ്ടാവണം. നിങ്ങളുടെ സേവനത്തിന്റെ ഏറ്റവും വലിയ അംഗീകാരവും പാരിതോഷികവും നിങ്ങളുടെ മുന്നിലെത്തുന്ന സാധാരണക്കാരന്റെ സന്തോഷമായിരിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.