ഓണ്‍ലൈൻ മദ്യവില്പന പരിഗണനയിലില്ല: എടുത്തുചാടി തീരുമാനമെടുക്കില്ലെന്ന് മന്ത്രി എം.ബി. രാജേഷ്
Sunday, August 10, 2025 11:41 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ മദ്യവില്പനയുടെ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. എടുത്തുചാടി ഒരു തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്കായി അനുമതി തേടികൊണ്ട് ബെവ്കോ എംഡി നൽകിയ ശിപാര്‍ശയുമായി ബന്ധപ്പെട്ട ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഓൺലൈൻ മദ്യവിൽപനയുടെ കാര്യത്തിൽ പ്രൊപ്പോസൽ നേരത്തെയും എത്തിയിട്ടുണ്ട്. എന്നാൽ തത്കാലം അത് പരിഗണിക്കേണ്ടതില്ല എന്നതായിരുന്നു തീരുമാനം. ചർച്ച ചെയ്താണ് ഒരു നയം ആവിഷ്കരിക്കുന്നത്. മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തിനകത്ത് നിന്നാണ് സർക്കാർ തീരുമാനമെടുക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വരുമാന വർധനയ്ക്ക് മറ്റുകാര്യങ്ങൾ ആലോചിക്കേണ്ടിവരും. കഴിഞ്ഞ നാലു വർഷത്തിനിടെ മദ്യത്തിന് വില കൂട്ടിയിട്ടില്ല. മറ്റു പല സംസ്ഥാനങ്ങളും വർധിപ്പിച്ചു. മദ്യ വില്പനയുടെ കാര്യത്തിലടക്കം ഒരു യാഥാസ്ഥിതിക മനോഭാവം ഇവിടെ നിലനിൽക്കുന്നുണ്ട്. സമൂഹം പാകപ്പെടാതെ ഒന്നിനെയും അടിച്ചേൽപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി രാജേഷ് പറഞ്ഞു.
ഓൺലൈൻ മദ്യവില്പനയ്ക്കുള്ള വിശദമായ ശിപാർശ ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി സർക്കാരിന് സമർപ്പിച്ചിരുന്നു. 2,000 കോടി രൂപയുടെ വരുമാന വർധനയാണ് ബെവ്കോ പ്രതീക്ഷിക്കുന്നത്. ഓൺലൈൻ മദ്യവില്പനയ്ക്കായി ബെവ്കോ മൊബൈൽ ആപ്ലിക്കേഷനും തയാറാക്കിയിട്ടുണ്ട്.