കുന്നംകുളത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം
Sunday, August 10, 2025 4:48 PM IST
തൃശൂർ: കുന്നംകുളം കാണിപ്പയ്യൂരില്‍ ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ആംബുലൻസിലെ രോഗിയായ കണ്ണൂർ സ്വദേശി കുഞ്ഞിരാമനും (81) കാറിലുണ്ടായിരുന്ന കുന്നംകുളം സ്വദേശിനി പുഷ്പ(52)യുമാണ് മരിച്ചത്.
ഇന്ന് വൈകുന്നേരമായിരുന്നു അപകടം. തൃശൂരിൽനിന്നും കുന്നംകുളത്തേയ്ക്ക് വരിയായിരുന്നു ആംബുലൻസും തൃശൂരിലേക്ക് പോകുകയായിരുന്നു കാറുമാണ് അപകടത്തിൽപെട്ടത്. കാർ ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെയായിരുന്നു അപകടം.
അപകടത്തില്‍ പരിക്കേറ്റവരെ കുന്നംകുളത്തെയും തൃശൂരിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആംബുലന്‍സില്‍ രോഗിയടക്കം അഞ്ചു പേരുണ്ടായിരുന്നു. ചികിത്സക്ക് ശേഷം ആശുപത്രിയിൽ നിന്നുംമടങ്ങുമ്പോഴായിരുന്നു ദാരുണാപകടം. പരിക്കേറ്റ കുഞ്ഞിരാമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.