തൃശൂരിൽ വ്യാജ വോട്ടർമാരെ ചേർത്തുവെന്ന് കെ.സി. വേണുഗോപാൽ
Sunday, August 10, 2025 7:10 PM IST
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ വ്യാജ വോട്ടർമാരെ ചേർത്തുവെന്ന ആരോപണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി രംഗത്ത്. തൃശൂരിൽ നടന്നത് ഗൗരവമായ കാര്യമാണ്. വ്യാജ വോട്ടർമാരെ കണ്ടെത്താൻ വ്യാപകമായ ഓഡിറ്റിംഗ് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തും വോട്ടിംഗ് സംബന്ധിച്ച് വ്യാപകമായ പരിശോധന നടത്താൻ കോൺഗ്രസ് തീരുമാനിച്ചു. വിഷയത്തിൽ നിന്നും കോൺഗ്രസ് പിന്നോട്ട് പോകില്ല. ജനവിധി അനുസരിച്ച് പ്രധാനമന്ത്രി ആയ ആളല്ല നരേന്ദ്ര മോദിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വോട്ടർ പട്ടികയിലെ ക്രമക്കേടിനെതിരെ ഇന്ത്യ മുന്നണിയിലെ പാർലമെന്റ് അംഗങ്ങൾ മാർച്ച് നടത്തും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾ സുതാര്യമല്ലെന്ന് തെളിഞ്ഞുവെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.