ബ്രിട്ടീഷ് എഫ്35ബി യുദ്ധവിമാനത്തിന് ജപ്പാനിൽ അടിയന്തര ലാൻഡിംഗ്
Sunday, August 10, 2025 7:16 PM IST
കഗോഷിമ: ബ്രിട്ടീഷ് എഫ്35ബി യുദ്ധവിമാനം ജപ്പാനിൽ അടിയന്തര ലാൻഡിംഗ് നടത്തി. യുകെ റോയൽ എയർഫോഴ്സിന്റെ എഫ്35ബി യുദ്ധ വിമാനം ആകാശത്തുവച്ച് യന്ത്രതകരാർ നേരിട്ടതിനെ തുടർന്ന് ജപ്പാനിലെ കഗോഷിമ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തുകയായിരുന്നു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതേതുടർന്നു കഗോഷിമ വിമാനത്താവളത്തിൽനിന്നുള്ള ചില വിമാനങ്ങൾ വൈകി. സമീപകാലത്ത് ബ്രിട്ടീഷ് എഫ്-35ബി യുദ്ധവിമാനത്തിന് തകരാർ നേരിടുന്ന രണ്ടാമത്തെ സംഭവമാണിത്.
ജൂൺ 14ന് ബ്രിട്ടീഷ് എഫ്35ബി യുദ്ധവിമാനം തിരുവനന്തപുരത്തും അടിയന്തരലാൻഡിംഗ് നടത്തിയിരുന്നു. രാത്രി 9.30 ഓടുകൂടിയാണ് ഇന്ധനം കുറവായതിനെത്തുടര്‍ന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.
ഇന്ത്യന്‍ നാവികസേനയുമായി ചേര്‍ന്നു സംയുക്ത പരിശീലനം പൂര്‍ത്തിയാക്കിയ ബ്രിട്ടന്റെ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് കാരിയര്‍ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായിരുന്ന എഫ് 35 ബി യുദ്ധവിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. അടുത്ത ദിവസം ഇന്ധനം നിറച്ച ശേഷമാണ് സാങ്കേതിക തകരാര്‍ ഉള്ളതായി അധികൃതര്‍ മനസിലാക്കിയത്.
പിന്നീട് ഒരു മാസവും എട്ടു ദിവസവും കഴിഞ്ഞ ശേഷമാണ് വിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിക്കാനായത്. ജൂലൈ 22നാണ് വിമാനം കേരളത്തിൽനിന്നും മടങ്ങിയത്.