കൽപ്പാത്തിയിൽ വ്യാപാരികളും യുവാക്കളും തമ്മിൽ സംഘർഷം, മൂന്ന് പേർക്ക് കുത്തേറ്റു
Sunday, August 10, 2025 10:05 PM IST
പാലക്കാട്: കൽപ്പാത്തിയിൽ വ്യാപാരികളും യുവാക്കളും തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് കുത്തേറ്റു. കത്രിക കൊണ്ടാണ് കുത്തേറ്റത്.
തോണിപ്പാളയം സ്വദേശി വിഷ്ണു (22), സുന്ദരം കോളനി സ്വദേശികളായ ഷാജി (29), ഷമീർ (31) എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൽപ്പാത്തി കുണ്ടംമ്പലത്തിന് സമീപത്ത് വച്ചായിരുന്നു സംഘർഷം. അമ്പലത്തിൽ എത്തിയ യുവതിയോട് പൂവ് വേണോയെന്ന് പൂക്കച്ചവടക്കാരനായ യുവാവ് ചോദിച്ചതിനെ ചൊല്ലിയായിരുന്നു സംഘർഷമെന്ന് പോലീസ് പറയുന്നു.
ആക്രമണം നടത്തിയ മുണ്ടൂർ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ സുഹൃത്തുക്കൾക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.