നിമിഷപ്രിയയുടെ ശിക്ഷായിളവിന് ശ്രമിച്ചത് കടമ: കാന്തപുരം
Sunday, August 10, 2025 10:29 PM IST
പാലക്കാട്: മതത്തിന്റെയും രാജ്യത്തിന്റെയും സാധ്യതകൾ ഉപയോഗിച്ചാണ് യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ശിക്ഷായിളവിനുവേണ്ടി ശ്രമം നടത്തിയതെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ.
പാലക്കാട്ട് എസ്എസ്എഫ് കേരള സാഹിത്യോത്സവ് സമാപനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നല്ല മനുഷ്യരായ അനേകം ആളുകൾ ഉദ്യമത്തെ പിന്തുണച്ചു. പലരും പിന്നീട് ക്രെഡിറ്റിനുവേണ്ടി ഇടപ്പെട്ടു. നമ്മുടെ കടമ മാത്രമാണു നിർവഹിച്ചത്. നമുക്കു ക്രെഡിറ്റിന്റെ ആവശ്യമില്ല. നമുക്ക് ഇവിടെ മതവിദ്യാഭ്യാസപ്രവർത്തനങ്ങൾ നടത്തിയാൽ മതി.
വിദ്യാഭ്യാസപ്രവർത്തനം നടത്തിയാൽ മാത്രമേ രാജ്യം ഇവിടെ നിലനിൽക്കൂ. മുസ്ലിം ആണെന്നതിന്റെ പേരിൽ നമ്മളെ ആരും ഇവിടെനിന്ന് ഇറക്കിവിടില്ല. അങ്ങനെ ആരും പേടിക്കേണ്ടതില്ല. ഒരു മതത്തിന്റെയും ആശയങ്ങൾ ആരിലും അടിച്ചേൽപ്പിക്കരുത്. പ്രയാസപ്പെടുന്ന മനുഷ്യർക്ക് ആശ്വാസവും സമാധാനവും തുല്യതയും ലാഭിക്കാനായി ഏവരും ഇടപെടണമെന്നും കാന്തപുരം അഭിപ്രായപ്പെട്ടു.