ധർമസ്ഥലയിൽ ഇന്ന് നിർണായകം; 13-ാം നമ്പർ പോയിന്റിൽ റഡാർ പരിശോധന
Tuesday, August 12, 2025 9:40 AM IST
ബംഗളൂരു: ധർമസ്ഥലയിൽ ഏറ്റവും കൂടുതൽ മൃതദേഹം കുഴിച്ചിട്ടെന്ന് മുൻ ശുചീകരണത്തൊഴിലാളി വെളിപ്പെടുത്തിയ, പതിമൂന്നാമതായി അടയാളപ്പെടുത്തിയ സ്ഥലത്ത് ഇന്ന് പരിശോധന നടത്തും. കുഴിച്ചുമൂടപ്പെട്ട മനുഷ്യാവശിഷ്ടങ്ങളുടെ സാന്നിധ്യം കണ്ടെത്താൻ ഭൂമിക്കടിയിൽ പരിശോധന നടത്താൻ കഴിയുന്ന റഡാർ തിങ്കളാഴ്ച എത്തിച്ചിരുന്നു.
റോഡിനു വളരെ അടുത്തായതിനാലും തൊട്ടടുത്ത് അണക്കെട്ടും വൈദ്യുത ലൈനുകളുമുള്ളതിനാലും ഇവിടെ കുഴിച്ച് പരിശോധന നടത്തുക ബുദ്ധിമുട്ടാണ്. റഡാർ പരിശോധനയിൽ മനുഷ്യാവശിഷ്ടങ്ങളുടെ സാന്നിധ്യം കണ്ടെത്തിയാൽ മാത്രം കുഴിച്ചാൽ മതിയെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
ഇതുവരെയുള്ള പരിശോധനകളിൽ കാര്യമായ പുരോഗതി ലഭിക്കാത്തതിനാൽ ഇന്നത്തെ പരിശോധന നിർണായകമാണ്. വർഷങ്ങൾക്കുമുമ്പ് വനത്തിൽ മൃതദേഹം മറവുചെയ്യുന്നത് കണ്ടിരുന്നതായി ഒരു സ്ത്രീയുൾപ്പെടെ രണ്ടുപേർകൂടി പ്രത്യേക അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്.