ആധാര്‍ പൗരത്വ രേഖയല്ല; തെരഞ്ഞെടുപ്പ് കമ്മീഷനെ ശരിവെച്ച് സുപ്രീംകോടതി
Tuesday, August 12, 2025 4:39 PM IST
ന്യൂഡൽഹി: ആധാര്‍ കാര്‍ഡ് പൗരത്വത്തിന്റെ നിർണായക തെളിവായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. വിവിധ സേവനങ്ങള്‍ക്കുള്ള ആധികാരിക തിരിച്ചറിയൽ രേഖയായി ആധാറിനെ പരിഗണിക്കാം.
എന്നാൽ അത് പൗരത്വം നിര്‍ണയിക്കുന്നതിന് അടിസ്ഥാനമാക്കാനാകില്ല. ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. ആധാർ കാർഡിൽ പരിശോധന വേണ്ടിവരുമെന്നും കോടതി വാക്കാൽ നിർദേശിച്ചു.
ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ശരിയാണെന്നും സുപ്രീംകോടതി ജസ്റ്റീസ് സൂര്യകാന്ത് വ്യക്തമാക്കി. വോട്ടര്‍ പട്ടികയിൽ നിന്ന് അനധികൃതമായി ഒഴിവാക്കപ്പെട്ടാൽ കോടതിയെ സമീപിക്കാം. വോട്ടര്‍ പട്ടികയുടെ പരിശോധനക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് അവകാശമുണ്ടോയെന്ന് നോക്കണം.
അങ്ങനെയുണ്ടെങ്കിൽ അത്തരം നടപടിക്ക് തടസം നിൽക്കാനാവില്ലെന്നും സുപ്രീംകോടതി പറഞ്ഞു. വോട്ടര്‍മാരെ വ്യാപകമായി ഒഴിവാക്കുന്നതിലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി വഴിയൊരുക്കുന്നതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു.