ഇൻഡോറിൽ റിട്ടയഡ് ജസ്റ്റീസിന്റെ വസതിയിൽ കവർച്ച; പണവും സ്വർണവും നഷ്ടപ്പെട്ടു
Wednesday, August 13, 2025 10:40 PM IST
ഭോപ്പാൽ: മധ്യപ്രദേശിൽ റിട്ടയഡ് ജസ്റ്റീസ് രമേശ് ഗാർഗിന്റെ വസതിയിൽ കവർച്ച. മോഷ്ടാക്കൾ ആഭരണങ്ങളും അഞ്ച് ലക്ഷത്തിലധികം രൂപയും കൊള്ളയടിച്ചു.
ഇൻഡോറിലെ വിജയ് നഗറിലെ വീട്ടിലാണ് സംഭവം നടന്നത്. മുഖംമൂടി ധരിച്ച മോഷ്ടാക്കൾ പ്രധാന ഗേറ്റിന്റെ പൂട്ട് തകർത്താണ് വീടിനുള്ളിൽ പ്രവേശിച്ചത്. അലമാര തുറന്നാണ് പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ചത്.
ഞായറാഴ്ച രാവിലെയാണ് കവർച്ച നടന്നത്. സംഭവസമയം എല്ലാവരും ഉറങ്ങുകയായിരുന്നു. വീട്ടിലെ സുരക്ഷാ അലാറം മുഴങ്ങാതിരുന്നതിനാൽ മോഷണം നടന്നത് ആരും അറിഞ്ഞില്ല. മോഷ്ടാക്കൾ വീടിനുള്ളിൽ പ്രവേശിച്ചത് സുരക്ഷാജീവനക്കാരൻ അറിഞ്ഞുമില്ല.
സംഭവത്തിൽ വിജയ് നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുറ്റവാളികളെ തിരിച്ചറിയുന്നതിനായി സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണ്.