ധർമസ്ഥല: പരാതിക്കാരനു നുണപരിശോധന നടത്താൻ നീക്കം
Thursday, August 14, 2025 2:52 AM IST
മംഗളൂരു: ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിശോധനകൾ വഴിമുട്ടുന്നു.
വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പതിമൂന്നാമതായി അടയാളപ്പെടുത്തിയ സ്ഥലത്ത് 18 അടിയോളം താഴ്ചയിൽ കുഴിയെടുത്തു പരിശോധിച്ചെങ്കിലും ഇതുവരെ മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല. തെരച്ചിൽ ഇന്നും തുടരും.
ഈ സ്ഥലത്തെ പരിശോധനകൾകൂടി പൂർത്തിയാകുന്നതോടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അടയാളപ്പെടുത്തിയ എല്ലാ സ്ഥലങ്ങളിലെയും പരിശോധന പൂർത്തിയാകും. 15 ഇടങ്ങൾ കുഴിച്ചു പരിശോധിച്ചതിൽ രണ്ടിടങ്ങളിൽനിന്നു മാത്രമാണ് ഇതുവരെ അസ്ഥികൾ കിട്ടിയത്.
ആദ്യത്തേത് പുരുഷന്റെ അസ്ഥിയാണെന്നും രണ്ടാമത്തെ സ്ഥാനത്തുനിന്നു കിട്ടിയ അസ്ഥികൾക്ക് രണ്ടുവർഷത്തിൽ താഴെ മാത്രമാണു പഴക്കമുള്ളതെന്നും പ്രാഥമിക വിലയിരുത്തലുകൾ പുറത്തുവന്നത് അന്വേഷണത്തിനു തിരിച്ചടിയായി.
പരാതിക്കാരനായ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ എങ്ങുമെത്താത്തതിനാൽ ഇയാളെ നുണപരിശോധനയ്ക്കു വിധേയനാക്കാൻ പ്രത്യേക അന്വേഷണസംഘം ആലോചിക്കുന്നതായാണു സൂചന. പതിമൂന്നാമത്തെ സ്ഥലത്തെ പരിശോധന പൂർത്തിയാകുന്നതോടെ തത്കാലം പരിശോധനാ നടപടികൾ നിർത്തിവയ്ക്കാനും സാധ്യതയുണ്ട്.