കോൺഗ്രസ് എംഎൽഎ സതീഷ് കൃഷ്ണ സെയിലിനെ ഇഡി ചോദ്യം ചെയ്തു
Thursday, August 14, 2025 7:33 AM IST
ബംഗളൂരു: അനധികൃതമായി ഇരുന്പയിര് കയറ്റുമതി ചെയ്ത കേസുമായി ബന്ധപ്പെട്ട് കർണാടകയിലെ കോൺഗ്രസ് എംഎൽഎ സതീഷ് കൃഷ്ണ സെയിലിനെ ഇഡി ചോദ്യം ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) കർണാടക, ഗോവ, മുംബൈ എന്നിവിടങ്ങളിലെ 15 കേന്ദ്രങ്ങളിലാണ് തെരച്ചിൽ നടന്നുവരുന്നത്.
കാർവാറിലെ ബെലെകെരി തുറമുഖത്ത് നിന്നും വനവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത ഇരുന്പയിര് അനധികൃതമായി കയറ്റി അയച്ചു എന്നതാണ് സെയിലിന്റെ പേരിലുള്ള ആരോപണം. ഉത്തര കന്നഡ ജില്ലയിലെ കാർവാർ നിയസഭാ മണ്ഡലത്തിലെ എംഎൽഎയാണ് ഇദ്ദേഹം.
ഇതുമൂലം സർക്കാർ ഖജനാവിന് 38 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ഇരുന്പയിരിന്റെ യഥാർഥ മൂല്യം നൂറുകോടിയിലധികം വരുമെന്നുമാണ് കരുതപ്പെടുന്നത്. 2010ൽ കർണാടക ലോകായുക്ത നടത്തിയ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു കേസ് ഉദ്ഭവിച്ചത്.