ബിഹാർ വോട്ടർപട്ടിക പരിഷ്കരണം; സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും
Thursday, August 14, 2025 9:33 AM IST
ന്യൂഡൽഹി: ബിഹാർ വോട്ടർപട്ടിക വിവാദത്തിൽ സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും. വിഷയത്തിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ വാദം ഇന്ന് ആരംഭിക്കും.
വോട്ടർപട്ടികയിൽ തീവ്രപരിഷ്കരണം നടത്തുന്നതിന് തെരഞ്ഞെടുപ്പു കമ്മീഷന് പ്രത്യേക അധികാരമില്ലെന്നും നടപടി റദ്ദാക്കണമെന്നുമാണ് ഹർജിക്കാർ ബുധനാഴ്ച കോടതിയിൽ വാദിച്ചത്. പരിഷ്കരണം എങ്ങനെ നടത്തണമെന്നു തെരഞ്ഞെടുപ്പു കമ്മീഷന് തീരുമാനിക്കാൻ സാധിക്കില്ലേയെന്നു ഹർജിക്കാരോട് ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ജി എന്നിവരടങ്ങിയ ബെഞ്ച് ചോദ്യങ്ങൾ ഉന്നയിച്ചു.
ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 21 (3) പ്രകാരം തെരഞ്ഞെടുപ്പു കമ്മീഷന് എപ്പോൾ വേണമെങ്കിലും ഒരു നിയോജകമണ്ഡലത്തിൽ ഉചിതമെന്നു തോന്നുന്ന രീതിയിൽ വോട്ടർപട്ടികയുടെ പ്രത്യേക പരിഷ്കരണത്തിന് നിർദേശിക്കാൻ സാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. ഹർജിക്കാരുടെ വാദം ബുധനാഴ്ച അവസാനിച്ചു.