സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ല; കാരണം കാണിക്കൽ നോട്ടസീന് ഡോ.ഹാരിസ് മറുപടി നൽകി
Thursday, August 14, 2025 9:38 AM IST
തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ഉപകരണ ക്ഷാമത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയതിന് ആരോഗ്യവകുപ്പിൽ നിന്ന് ലഭിച്ച കാരണം കാണിക്കൽ നോട്ടീസിന് ഡോ.ഹാരിസ് ചിറയ്ക്കൽ മറുപടി നൽകി. ആരോപണങ്ങൾ നിഷേധിച്ച് കൊണ്ടാണ് ഡോക്ടർ മറുപടി നൽകിയത്.
മറ്റൊരു ഡോക്ടർ പണം നൽകി സ്വന്തമായി വാങ്ങിയ ഉപകരണം തനിക്ക് ഉപയോഗിക്കാനാകില്ല. ഉപകരണക്ഷാമം അധികാരികളെ അറിയിച്ചിരുന്നുവെന്നും സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും മറുപടിയിൽ പറയുന്നു. ചികിത്സ മുടങ്ങിയ ദിവസം ഹാരിസ് ബദൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയില്ലെന്ന് അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു.
എന്നാൽ താൻ പറഞ്ഞ ദിവസം ഉപകരണം ഉണ്ടായിരുന്നില്ല. പിറ്റേന്ന് മറ്റൊരു ഡോക്ടർ ശസ്ത്രക്രിയ നടത്തിയത് അദ്ദേഹം സ്വന്തമായി വാങ്ങിയ ഉപകരണം ഉപയോഗിച്ചാണെന്നും അത് സർക്കാർ വാങ്ങിയ ഉപകരണമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.