അജിത് കുമാറിന് തിരിച്ചടി; വിജിലൻസിന്റെ ക്ലീൻചിറ്റ് കോടതി തള്ളി
Thursday, August 14, 2025 1:03 PM IST
കൊച്ചി: അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം.ആര്.അജിത് കുമാറിന് തിരിച്ചടി. ക്ലീന്‍ചിറ്റ് നല്കിയ വിജിലൻസിന്റെ അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം സ്പെഷ്യല്‍ വിജിലന്‍സ് കോടതി തള്ളി. സര്‍ക്കാര്‍ നേരത്തേ അംഗീകരിച്ച റിപ്പോര്‍ട്ടാണ് കോടതി തള്ളിയത്.
കേസ് ഡയറിയും അന്വേഷണ റിപ്പോര്‍ട്ടിന്റെ ഒറിജിനല്‍ പകര്‍പ്പും അന്വേഷണം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പും സാക്ഷിമൊഴികളും പരിശോധിച്ചതിനു ശേഷമാണ് കോടതിയുടെ നടപടി. മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ പരാതിയിലായിരുന്നു അജിത് കുമാറിനെതിരായ അന്വേഷണം.
ഡിവൈഎസ്പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് പ്രത്യേക യൂണിറ്റാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിജിലന്‍സ് സമര്‍പ്പിച്ച ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ കോടതി 30ന് പരാതിക്കാരന്റെ മൊഴി നേരിട്ട് രേഖപ്പെടുത്തും.
അജിത്കുമാര്‍ ഭാര്യാസഹോദരനുമായി ചേര്‍ന്ന് സെന്റിന് 70 ലക്ഷം രൂപ വിലയുള്ള ഭൂമി തിരുവനന്തപുരം കവിടിയാറില്‍ വാങ്ങി ആഡംബര കെട്ടിടം നിര്‍മിക്കുന്നതില്‍ അഴിമതിപ്പണം ഉണ്ടെന്നായിരുന്നു ഹര്‍ജിക്കാരനായ നെയ്യാറ്റിൻകര സ്വദേശിയുടെ വാദം. ഇതിനായി മുഖ്യമന്ത്രിയുടെ പൊളിറ്റക്കല്‍ സെക്രട്ടറി പി.ശശി എഡിജിപിയെ വഴിവിട്ട് സഹായിക്കുന്നതായും ഹര്ജിക്കാരന് ആരോപിച്ചിരുന്നു.
അജിത് കുമാറിനെതിരെ കീഴുദ്യോഗസ്ഥരായ എസ്പിയും ഡിവൈഎസ്പിയും അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ റിപ്പോർട്ട് അംഗീകരിക്കരുതെന്ന് പരാതിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.