ഫോൺവിളിയെച്ചൊല്ലി വഴക്ക്; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ്
Thursday, August 14, 2025 1:19 PM IST
തിരുവനന്തപുരം: മദ്യലഹരിയിൽ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. തിരുവനന്തപുരം നേമം കുരുട്ടുവിക്കട്ടുവിളയ്ക്ക് സമീപമുണ്ടായ സംഭവത്തിൽ ബിന്‍സി ആണ് മരിച്ചത്. ഭര്‍ത്താവ് സുനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാത്രി സുനില്‍ മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നു. വ്യാഴാഴ്ച രാവിലെ 11ന് അയല്‍വാസികൾ വീട്ടിലെത്തിയപ്പോഴാണ് കഴുത്തിന് വെട്ടേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ബിന്‍സിയെ കണ്ടെത്തിയത്.
ഉടൻ തന്നെ ശാന്തിവിളയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സുനിൽ വീട്ടിലെത്തുമ്പോൾ ഭാര്യ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഇതാണ് വഴക്കിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. നേമം പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ബിന്‍സിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.