തെരുവുനായ വിഷയം: തദ്ദേശ സ്ഥാപനങ്ങൾക്ക് രൂക്ഷവിമർശനം, വിധി പറയുന്നത് മാറ്റി സുപ്രീംകോടതി,
Thursday, August 14, 2025 2:26 PM IST
ന്യൂഡൽഹി: ദേശീയ തലസ്ഥാന മേഖലയിലെ തെരുവു നായ്ക്കളുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച നിർദേശങ്ങൾ സ്റ്റേ ചെയ്യണമെന്ന ഹർജിയിൽ വിധി പറയുന്നത് മാറ്റിവച്ചു.
ഡൽഹി-ദേശീയ തലസ്ഥാന മേഖലയിലെ തെരുവ് നായ്ക്കളുടെ മുഴുവൻ പ്രശ്നത്തിനും കാരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിഷ്ക്രിയത്വമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മുൻ ഉത്തരവ് പരസ്യമാകുന്നതിന് മുമ്പ് തന്നെ പല പ്രദേശങ്ങളിലെയും അധികാരികൾ മൃഗങ്ങളെ പിടികൂടാൻ തുടങ്ങിയത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.
ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
രാജ്യത്ത് ഒരു വർഷത്തിനിടെ 37 ലക്ഷത്തിലധികം നായ്ക്കളുടെ കടിയേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഡൽഹി സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
ഡൽഹി-ദേശീയ തലസ്ഥാന മേഖലയിലെ തെരുവുനായ്ക്കളെ എത്രയും വേഗം പിടികൂടി എട്ട് ആഴ്ചയ്ക്കുള്ളിൽ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് ഓഗസ്റ്റ് 11 ന് സുപ്രീം കോടതി പുറപ്പെടുവിച്ചത്.