ബന്ധുവായ യുവതിയെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചെന്ന കേസ്; മിനു മുനീർ അറസ്റ്റിൽ
Thursday, August 14, 2025 4:21 PM IST
കോഴിക്കോട്: യുവതിയെ സെക്സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ചെന്ന കേസില്‍ നടി മിനു മുനീര്‍ പോലീസ് കസ്റ്റഡിയില്‍. ബുധനാഴ്ച രാത്രി ആലുവയിൽ നിന്നും ചെന്നൈ തിരുമംഗലം പോലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
2014ല്‍ ബന്ധുവായ യുവതിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്കി തമിഴ്നാട്ടില്‍ എത്തിച്ച് സെക്സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് നടിയെ കസ്റ്റഡിയിലെടുത്തത്.
അപകീര്‍ത്തിക്കേസില്‍ നടന് ബാലചന്ദ്ര മേനോന്റെ പരാതിയില്‍ നേരത്തെ മിനുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്ന പരാതിയിലായിരുന്നു അറസ്റ്റ്. കാക്കനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്ത നടിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
സിനിമ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ പുറത്തുവന്നതിനു പിന്നാലെ നിരവധി നടന്മാർക്കെതിരെ മിനു മുനീർ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു.
ബാലചന്ദ്ര മേനോൻ, മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരും തന്നോടു മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം.
ബാലചന്ദ്ര മേനോനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ മിനു മുനീറിന്റെ അഭിഭാഷകൻ കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു. കൊല്ലം സ്വദേശി സംഗീത് ലൂയിസിനെയാണ് കൊച്ചി സൈബർ പോലീസ് പിടികൂടിയത്.