ഒഴിവാക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിക്കണം; ബീഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിൽ സുപ്രീംകോടതി ഇടപെടൽ
Thursday, August 14, 2025 4:37 PM IST
ന്യൂഡൽഹി: ബീഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിൽ(എസ്ഐആർ) ഇടപെടലുമായി സുപ്രീംകോടതി.
ഓഗസ്റ്റ് ഒന്നിന് പുറത്തിറക്കിയ ബീഹാറിലെ കരട് വോട്ടർപട്ടികയിൽ നിന്ന് 65 ലക്ഷം പേരെ ഒഴിവാക്കിയത് എങ്ങനെയെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചു.
പട്ടികയില്‍ നിന്ന് 65 ലക്ഷത്തോളം ആളുകളുടെ പേര് ഒഴിവാക്കപ്പെടാനുണ്ടായ കാരണം സഹിതം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി ആവശ്യപ്പെട്ടു.
ചൊവ്വാഴ്ചയ്ക്കകം ഒഴിവാക്കിയവരുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്നാണ് നിർദേശം. കൂടാതെ ആധാർ പൗരത്വ രേഖയായി അംഗീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
വോട്ടര്‍ പട്ടികയില്‍ നേരത്തെ പേരുണ്ടാകുകയും തീവ്ര പുനഃപരിശോധനയ്ക്ക് ശേഷമുള്ള കരട് പട്ടികയില്‍ ഉള്‍പ്പെടാതിരിക്കുകയും ചെയ്യാത്ത ഏകദേശം 65 ലക്ഷം വോട്ടര്‍മാരുടെ പട്ടിക, ഓരോ ജില്ലാ ഇലക്ടറല്‍ ഓഫീസറുടെയും വെബ്സൈറ്റില്‍ (ജില്ലാ അടിസ്ഥാനത്തില്‍) പ്രസിദ്ധീകരിക്കണം. ഈ വിവരങ്ങള്‍ ബൂത്ത് അടിസ്ഥാനത്തിലായിരിക്കണം, എന്നാല്‍ വോട്ടറുടെ ഇപിഐസി നമ്പര്‍ ഉപയോഗിച്ച് ഇത് പരിശോധിക്കാനും സാധിക്കണം.
മരണം, താമസം മാറല്‍, ഇരട്ട രജിസ്ട്രേഷന്, പേര് ഒഴിവാക്കാനുള്ള കാരണങ്ങള്‍ വ്യക്തമാക്കണമെന്നും കോടതി വ്യക്തമാക്കി. അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍, ഒഴിവാക്കപ്പെട്ടവര്‍ക്ക് അവരുടെ ആധാര്‍ കാര്‍ഡും പരിഗണിക്കുമെന്ന് പൊതു അറിയിപ്പുകളില്‍ വ്യക്തമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഒഴിവാക്കപ്പെട്ടവരുടെ പട്ടിക പ്രദര്‍ശിപ്പിക്കുന്നതിനെക്കുറിച്ച് വ്യാപകമായ പ്രചാരണം നല്‍കുന്നതിന്, ബീഹാറില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പത്രങ്ങളില്‍ പരസ്യം നല്‍കേണ്ടതാണ്. കൂടാതെ, ദൂരദര്‍ശനിലും റേഡിയോ ചാനലുകളിലും ഇത് പ്രക്ഷേപണം ചെയ്യേണ്ടതാണ്.
ജില്ലാ ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍, അവര്‍ അതിലും പൊതു അറിയിപ്പ് പ്രദര്‍ശിപ്പിക്കേണ്ടതാണെന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു.